Tuesday, July 28, 2009

ഇച്ഛാശക്തിയുടെ ദാരിദ്ര്യം: 2009-10 വര്‍ഷത്തെ കേന്ദ്ര ബജറ്റ്

Poverty of Will എന്ന ശീര്‍ഷകത്തില്‍ ഞാന്‍ Frontline ദ്വൈ-മാസികയില്‍ എഴുതിയ 2009-10 വര്‍ഷത്തെ ബജറ്റ് വിശകലനത്തിന്റെ മലയാള പരിഭാഷ. കഴിഞ്ഞ ചിന്ത വാരികയില്‍ പ്രസിദ്ധീകരിച്ചത്:

ഇച്ഛാശക്തിയുടെ ദാരിദ്ര്യം

ആര്‍ രാംകുമാര്‍


ഇന്ത്യയില്‍ സാമൂഹ്യമേഖലയ്ക്കുവേണ്ടി ചെലവാക്കുന്ന മൊത്തം തുകയില്‍ 20 ശതമാനം മാത്രമേ കേന്ദ്ര ഗവണ്‍മെന്റിന്റെ വിഹിതമായിട്ടുള്ളു. ബാക്കിയുള്ളതെല്ലാം സംസ്ഥാന ഗവണ്‍മെന്റുകളാണ് ചെലവാക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ മാനവ വികസനത്തെ സംബന്ധിച്ചിടത്തോളം സാമൂഹ്യമേഖലയില്‍ ചെലവാക്കുന്നതിനു സംസ്ഥാനങ്ങള്‍ക്കുള്ള കഴിവാണ്, കേന്ദ്രഗവണ്‍മെന്റിന്റെ കഴിവല്ല പ്രധാനം എന്നര്‍ഥം. ഇതിനെത്തന്നെ മറ്റൊരുവിധത്തില്‍ക്കൂടി പറയാം. സാമൂഹ്യ മേഖലയ്ക്കുവേണ്ടി കേന്ദ്രഗവണ്‍മെന്റ് വകയിരുത്തുന്ന തുകകൊണ്ട് (സംസ്ഥാനങ്ങളുടെ വിഹിതം അതോടൊപ്പം വര്‍ധിപ്പിക്കുന്നില്ലെങ്കില്‍) വളരെ വലിയ മാറ്റമൊന്നും ഉണ്ടാക്കാന്‍ കഴിയുകയില്ല.

എങ്കിലും, ഇന്ത്യയില്‍ സാമൂഹ്യമേഖലയ്ക്കുവേണ്ടി വകയിരുത്തുന്ന തുകയെ സംബന്ധിച്ച ചര്‍ച്ചകള്‍, കേന്ദ്ര ഗവണ്‍മെന്റിന്റെ ആഭിമുഖ്യത്തിലുള്ളവയ്ക്ക് അമിത പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ്. 2004നുശേഷം കേന്ദ്ര ഗവണ്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ ആവിഷ്കരിക്കപ്പെട്ട ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി (എന്‍ആര്‍ഇ ജിഎസ്), ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍, (എന്‍ആര്‍എച്ച്എം), സര്‍വശിക്ഷാ അഭിയാന്‍ (എസ്എസ്എ) തുടങ്ങിയ ഏതാനും പദ്ധതികള്‍ ആവിര്‍ഭവിച്ചതിനുശേഷമാണ് ഇങ്ങനെ കേന്ദ്രത്തിന് അമിത പ്രാധാന്യം ലഭിച്ചുതുടങ്ങിയത്. സംസ്ഥാന ഗവണ്‍മെന്റുകളുടെ മുന്‍കയ്യിനെ ഒഴിവാക്കിക്കൊണ്ട് കേന്ദ്ര ഗവണ്‍മെന്റിന്റെ പദ്ധതികള്‍ ആവിഷ്കരിച്ച് വികസിപ്പിക്കുന്നതിന്റെ ആശാസ്യതയെ പല പണ്ഡിതന്മാരും ചോദ്യംചെയ്തിട്ടുണ്ട്. അതെന്തായാലും കേന്ദ്ര മേഖലാ പദ്ധതികള്‍ എണ്ണത്തിന്റെ കാര്യത്തിലും വ്യാപ്തിയുടെ കാര്യത്തിലും വര്‍ധിപ്പിക്കാന്‍ തുടങ്ങി. 2009-10ലെ ബജറ്റിലും പ്രധാന സാമൂഹ്യ മേഖലയ്ക്കുള്ള വകയിരുത്തലുകളെല്ലാം, ഈയിടെ ആരംഭിച്ച കേന്ദ്ര പദ്ധതികളിലൂടെയാണ് വഴി തിരിച്ചുവിട്ടിരിക്കുന്നത്.

ഇന്ത്യയെപ്പോലെ സാമൂഹ്യമായും സാമ്പത്തികമായും പിന്നണിയില്‍ക്കിടക്കുന്ന ഒരു രാജ്യത്ത് സാമൂഹ്യമേഖലയില്‍ അടിയന്തിരമായും വമ്പിച്ച സര്‍ക്കാര്‍ മുതല്‍മുടക്ക് ആവശ്യമാണ് എന്ന് പറയേണ്ടതില്ലല്ലോ. മൊത്തം ആഭ്യന്തര ഉല്‍പാദനവുമായി താരതമ്യപ്പെടുത്തുമ്പോള്‍, സാമൂഹ്യമേഖലയ്ക്കുള്ള ചെലവ്, 1990കളിലും 2000-09ലെ ആദ്യവര്‍ഷങ്ങളിലും ഏറെക്കുറെ വര്‍ദ്ധിക്കാതെ മുരടിച്ചുനില്‍ക്കുകയായിരുന്നുവെന്നത് ആശങ്കാജനകമായ ഒരു കാര്യമാണ്. സാമൂഹ്യമേഖലയ്ക്കുവേണ്ടിയുള്ള മൊത്ത വകയിരുത്തല്‍ 2004-2009ലെ ഒന്നാം യുപിഎ ഗവണ്‍മെന്റ് വര്‍ദ്ധിപ്പിച്ചത് ഇടതുപക്ഷ കക്ഷികളുടെയും മറ്റ് പുരോഗമന-സാമൂഹ്യപ്രസ്ഥാനങ്ങളുടെയും നിര്‍ബന്ധംകൊണ്ടായിരുന്നു. യുപിഎ ഗവണ്‍മെന്റ് ഉയര്‍ത്തിക്കാണിക്കുന്ന ചില പദ്ധതികള്‍ക്കുവേണ്ടിയാണ് ഇങ്ങനെ വകയിരുത്തല്‍ വര്‍ദ്ധിപ്പിച്ചത്.

അതെന്തായാലും, ഇങ്ങനെ വകയിരുത്തലില്‍ വരുത്തിയ വര്‍ദ്ധന, ഓരോരോ പദ്ധതികളിലും ഓരോരോ മേഖലകളിലും പല അനുപാതത്തിലായിരുന്നു. വിദ്യാഭ്യാസം തുടങ്ങിയ ചില പ്രധാന മേഖലകളില്‍ വകയിരുത്തല്‍ കുറയുകതന്നെയുണ്ടായി. എസ്എസ്എയ്ക്കുള്ള വകയിരുത്തല്‍, 2007നുശേഷം കേവലമായ സംഖ്യാ കണക്കില്‍ത്തന്നെ കുറഞ്ഞു. 2007-08ല്‍ എസ്എസ്എക്കുവേണ്ടിയുള്ള ചെലവ് (പരിഷ്കരിച്ച കണക്കുകള്‍) 12,020 കോടി രൂപയായിരുന്നത്, 2008-09ലെ പരിഷ്കരിച്ച കണക്കനുസരിച്ച് 11,940 കോടി രൂപയായും 2009-10 ലെ ഇടക്കാല ബജറ്റിലെ വകയിരുത്തല്‍ അനുസരിച്ച് 11,934 കോടി രൂപയായും കുറഞ്ഞു എന്നു മാത്രമല്ല എസ്എസ്എയ്ക്കുള്ള സംസ്ഥാനങ്ങളുടെ വിഹിതം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് ആകെ വിട്ടുകൊടുക്കുന്നതുകയില്‍ അതിനനുസരിച്ച് വര്‍ദ്ധന വരുത്തിയതുമില്ല. നേരെമറിച്ച് സാമൂഹ്യമേഖലയ്ക്കുവേണ്ടിയുള്ള വകയിരുത്തല്‍ വര്‍ധിപ്പിച്ചതുമൂലം ഏറ്റവും കൂടുതല്‍ മെച്ചമുണ്ടായത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കാണ്.

ഇത്തരമൊരു പശ്ചാത്തലത്തില്‍, ഏതൊരു പുതിയ ഗവണ്‍മെന്റും നാല് അടിയന്തിരനടപടികള്‍ കൈക്കൊള്ളും എന്നാണ് ആരും പ്രതീക്ഷിക്കുക. ഒന്നാമത് സാമൂഹ്യമേഖലയ്ക്ക് മൊത്തത്തില്‍ വകയിരുത്തുന്ന തുക വര്‍ദ്ധിപ്പിക്കുക എന്ന നയം തുടരുക. രണ്ടാമത് ചില പ്രധാന മേഖലകളായ എസ്എസ്എ തുടങ്ങിയവയ്ക്കുള്ള വകയിരുത്തല്‍ 2004-2009 കാലഘട്ടത്തില്‍ കുറച്ചുകൊണ്ടുവന്നത് നേര്‍ വിപരീതമാക്കുക. മൂന്നാമത് ഓരോ കേന്ദ്ര മേഖലാ പദ്ധതിയോടുമൊപ്പം വിവിധ സംസ്ഥാനങ്ങളില്‍ അതുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഏറ്റെടുക്കുമെന്ന് ഉറപ്പുവരുത്തുക. നാലാമത് സാമൂഹ്യമേഖലയില്‍ ചെലവാക്കുന്ന തുക ഉയര്‍ത്താനുള്ള സംസ്ഥാനങ്ങളുടെ കഴിവ് വര്‍ദ്ധിപ്പിക്കുക - അതിനായി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന ഫണ്ട് വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ തുക വായ്പ എടുക്കാനുള്ള സൌകര്യം സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാക്കുകയും ചെയ്യുക. ഇതില്‍ പറഞ്ഞ മൂന്നുംനാലും കാര്യങ്ങള്‍ ബജറ്റിനുപുറത്തുവരുന്ന വിഷയങ്ങളാണ്. അതുകൊണ്ട്, ബജറ്റിനുള്ളില്‍ നിന്നുകൊണ്ട് കേന്ദ്ര ഗവണ്‍മെന്റിനുചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെക്കുറിച്ചുമാത്രം നമുക്ക് ഈ ലേഖനത്തില്‍ പരാമര്‍ശിക്കാം.

പ്രണബ് മുഖര്‍ജി അവതരിപ്പിച്ച 2009-10 വര്‍ഷത്തെ ബജറ്റ് ഇക്കാര്യത്തില്‍ നിരാശാജനകമാണെന്ന് പറയാതെവയ്യ. ഗവണ്‍മെന്റിന്റെ റവന്യൂചെലവ് നമുക്കൊന്ന് പരിശോധിക്കാം. റവന്യു അക്കൌണ്ടിലുള്ള സാമൂഹ്യസേവനചെലവുകള്‍ 2008-09നും 2009-10നും ഇടയ്ക്ക് കേവലമായ സംഖ്യ കണക്കില്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും ഈ ഇനത്തിലുള്ള വകയിരുത്തലിന്റെ വര്‍ദ്ധനയുടെ നിരക്ക്, കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞിരിക്കുകയാണ്. ഉദാഹരണത്തിന് പട്ടിക 1 ല്‍ നിന്ന് വ്യക്തമാകുന്നതുപോലെ, സാമൂഹ്യ സേവനങ്ങള്‍ക്കുള്ള വകയിരുത്തല്‍ 2007-08നെ അപേക്ഷിച്ച് 2008-09 വര്‍ഷത്തില്‍ 35.7 ശതമാനം വര്‍ദ്ധിച്ചുവെങ്കില്‍ 2008-09ല്‍ യഥാര്‍ത്ഥത്തില്‍ ചെലവാക്കിയ (അഥവാ പുതുക്കിയ കണക്ക്) തുകയെ അപേക്ഷിച്ച് 2009-10 വര്‍ഷത്തിലെ വകയിരുത്തലില്‍ ഉണ്ടായ വര്‍ദ്ധന 19.7 ശതമാനം മാത്രമാണ്.


സാമൂഹ്യസേവനങ്ങള്‍ക്കുള്ള വകയിരുത്തലില്‍ ഉണ്ടായിട്ടുള്ള കേവലമായ സംഖ്യകണക്കിലുള്ള വര്‍ദ്ധന, ജിഡിപിയുടെ ഒരു വിഹിതമെന്ന നിലയില്‍ കണക്കാക്കുമ്പോള്‍ അധികമൊന്നും ഉയര്‍ന്നിട്ടില്ലെന്നും കാണാം. 2008-09നും 2009-10നും ഇടയില്‍ സാമൂഹ്യ സേവനങ്ങള്‍ക്കുള്ള വകയിരുത്തല്‍, മൊത്തം ജിഡിപിയുടെ അനുപാതമെന്നനിലയില്‍ കണക്കാക്കിയാല്‍ 1.54 ശതമാനത്തില്‍നിന്ന് 1.68 ശതമാനമായിട്ടേ വര്‍ദ്ധിച്ചിട്ടുള്ളൂ (പട്ടിക-2).


2009-10ലെ ബജറ്റില്‍ സാമൂഹ്യസേവനങ്ങള്‍ക്കുള്ള വകയിരുത്തലിലുണ്ടായ ചുരുക്കം, ബജറ്റിലെ മൊത്തം റവന്യു ചെലവിലുണ്ടായ ചുരുക്കത്തിന്റെതന്നെ പ്രതിഫലനമാണ്. 2007-08നും 2008-09നും ഇടയില്‍ മൊത്തം റവന്യു ചെലവിലുണ്ടായ വര്‍ദ്ധനയുടെ നിരക്ക് 39.2 ശതമാനം ആയിരുന്നുവെങ്കില്‍ 2008-09നും 2009-10നും ഇടയില്‍ മൊത്തം റവന്യു ചെലവിലുണ്ടായ വര്‍ദ്ധനയുടെ നിരക്ക് 1.6 ശതമാനം മാത്രമാണ്. കൃഷിയും ഗ്രാമീണ വികസനവും അടക്കമുള്ള സാമ്പത്തിക സേവനങ്ങള്‍ക്കുവേണ്ടിയുള്ള വകയിരുത്തലില്‍ കേവലമായ സംഖ്യ കണക്കില്‍ത്തന്നെ കുറവാണ് സംഭവിച്ചത്. 2008-09 വര്‍ഷത്തില്‍ ഈ ഇനത്തില്‍ വകയിരുത്തിയത് 4.5 ലക്ഷം കോടി രൂപയാണെങ്കില്‍ 2009-10 വര്‍ഷത്തില്‍ അത് 3.8 ലക്ഷം കോടി രൂപയായി കുറഞ്ഞു. എന്നാല്‍ 2008-09 വര്‍ഷത്തില്‍ ഇത്ര ഉയര്‍ന്ന തുക വകയിരുത്തിയത് വില നിയന്ത്രണം നീക്കം ചെയ്യപ്പെട്ട രാസവളങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നതിനായി ഉല്‍പാദകര്‍ക്കും ഏജന്‍സികള്‍ക്കും നല്‍കേണ്ടി വരുന്ന തുക കണക്കിലെടുത്തിട്ടാണ്. അതുകാരണം വിള പരിപാലനം എന്ന ഇനത്തില്‍ ചെലവ് കുത്തനെ കൂടി. 2007-08, 2009-10 എന്നീ വര്‍ഷങ്ങളാണ് നാം താരതമ്യത്തിനായി പരിഗണിക്കുന്നതെങ്കില്‍ എല്ലാ സാമ്പത്തിക സേവനങ്ങള്‍ക്കും കൂടിയുള്ള മൊത്തം ചെലവ്, ജിഡിപിയുടെ അനുപാതമെന്ന നിലയില്‍ കണക്കാക്കുമ്പോള്‍ 5.55 ശതമാനത്തില്‍നിന്ന് 6.42 ശതമാനമായി വര്‍ദ്ധിച്ചതായിക്കാണാം. (പട്ടിക-2)

രണ്ടാമത്, നാം ഓരോ മേഖലയായി പരിഗണിക്കുകയാണെങ്കില്‍ ചെലവിലുണ്ടാകുന്ന വര്‍ധനയുടെ നിരക്ക് 2007 വര്‍ഷംതൊട്ട് കുറഞ്ഞുകൊണ്ടു വരുന്നതായി കാണാം. ഉദാഹരണത്തിന് കുടുംബക്ഷേമം, ജലവിതരണം, ശുചീകരണം എന്നീ മൂന്ന് ഇനങ്ങളിലൊഴിച്ച് എല്ലാ പ്രധാനപ്പെട്ട സേവനമേഖലകളിലും, വകയിരുത്തലില്‍ ഉണ്ടായ വര്‍ധനയുടെ നിരക്ക് 2008-09നെ അപേക്ഷിച്ച് 2009-10ല്‍ കുറവാണെന്ന് കാണാം. പൊതു വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വളര്‍ച്ചാനിരക്ക് 28 ശതമാനത്തില്‍നിന്ന് 17 ശതമാനമായി ഇടിഞ്ഞു; മെഡിക്കല്‍-പൊതുജനാരോഗ്യവകുപ്പില്‍ വളര്‍ച്ചാനിരക്ക് ഇടിഞ്ഞത് 20 ശതമാനത്തില്‍നിന്ന് 18 ശതമാനമായിട്ടാണ്; പാര്‍പ്പിട നിര്‍മ്മാണത്തിലെ ചെലവിന്റെ വര്‍ദ്ധനനിരക്ക് 95 ശതമാനത്തില്‍നിന്ന് 2.5 ശതമാനമായി കുറഞ്ഞു; സാമൂഹ്യ സുരക്ഷിതത്വം, സാമൂഹ്യക്ഷേമം എന്നീ ഇനങ്ങളില്‍ 49 ശതമാനത്തില്‍നിന്ന് 10 ശതമാനമായും കുറഞ്ഞു. ജിഡിപിയുടെ 6 ശതമാനം വിദ്യാഭ്യാസത്തിനുവേണ്ടിയും 3 ശതമാനം പൊതുജനാരോഗ്യത്തിനുവേണ്ടിയും ചെലവാക്കും എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിന് സര്‍ക്കാര്‍ യാതൊരു താല്‍പര്യവും കാണിക്കുന്നില്ല. പൊതു വിദ്യാഭ്യാസത്തിന്റെകാര്യത്തിലുള്ള റവന്യുചെലവ്, 2008-09 വര്‍ഷത്തില്‍ ജിഡിപിയുടെ 0.52 ശതമാനമായിരുന്നത് 2009-10 വര്‍ഷത്തില്‍ 0.56 ശതമാനമായി മാത്രമാണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. എസ്എസ്എ തുടങ്ങിയ, വിദ്യാഭ്യാസത്തിലെ പ്രത്യേക ഇനങ്ങള്‍ക്ക് നീക്കിവെച്ചതുക, കേവലമായ അടിസ്ഥാനത്തില്‍തന്നെ കുറഞ്ഞിരിക്കുന്നു. (പട്ടിക 3). 2008-09 വര്‍ഷത്തെ അപേക്ഷിച്ച്, 2009-10 വര്‍ഷത്തില്‍ എസ്എസ്എയ്ക്കുള്ള വകയിരുത്തല്‍ 11,939.3 കോടി രൂപയില്‍ നിന്ന് 11,933.9 കോടി രൂപയായി കുറഞ്ഞിരിക്കുന്നു. അതുപോലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള വകയിരുത്തല്‍ 7200 കോടി രൂപയില്‍നിന്ന് 7014 കോടി രൂപയായും കുറച്ചിരിക്കുന്നു.


എന്നുതന്നെയല്ല, പ്രൈമറി വിദ്യാഭ്യാസത്തിന് കൂടുതല്‍ തുക വകയിരുത്തേണ്ട സ്ഥാനത്ത്, അതിനുപകരം സെക്കണ്ടറി വിദ്യാഭ്യാസത്തിന് കൂടുതല്‍ തുക വകയിരുത്തിക്കൊണ്ടുവരുത്തിയിട്ടുള്ള വ്യതിയാനം ആശങ്കാജനകമാണുതാനും. സെക്കണ്ടറി വിദ്യാഭ്യാസത്തിന് കൂടുതല്‍ തുക വകയിരുത്തേണ്ടത് ആവശ്യം തന്നെ. എന്നാല്‍ പ്രൈമറി വിദ്യാഭ്യാസത്തിന്റെ ചെലവിലായിക്കൂട ഇത്. അങ്ങനെ ചെയ്യുന്നുവെങ്കില്‍ അത് ഉല്‍പാദനപരമല്ല.

ആരോഗ്യത്തിന്റെ മേഖലയില്‍ കേന്ദ്രഗവണ്‍മെന്റിന്റെ ചെലവിന്റെ വിഹിതം ജിഡിപിയെ അപേക്ഷിച്ചു മരവിച്ചു നില്‍ക്കുകയാണ് -2007 തൊട്ടുള്ള സ്ഥിതി അതാണ്. 2008-09ലും 2009-10ലും പൊതുജനാരോഗ്യ- മെഡിക്കല്‍ മേഖലകളിലുള്ള ചെലവ് ജിഡിപിയുടെ 0.12 ശതമാനം തന്നെയായി നിലനില്‍ക്കുകയാണ്. കുടുംബക്ഷേമത്തിന്റെ ഇനത്തിലുള്ള ചെലവ് 2008-09ല്‍ ജിഡിപിയുടെ 0.11 ശതമാനം ആയിരുന്നത് 2009-10 വര്‍ഷത്തില്‍ 0.12 ശതമാനമായി ഒരല്‍പം വര്‍ധിച്ചിട്ടുണ്ടെങ്കിലും ഫലത്തില്‍ അത് 2007-08 വര്‍ഷത്തിലെ അനുപാതത്തിലേക്ക് വീണ്ടും എത്തിച്ചേര്‍ന്നു എന്നേ പറയാന്‍ കഴിയൂ.

2009-10 വര്‍ഷത്തിലെ ബജറ്റില്‍ പൊതുജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ച ഒരിനം ചെലവ് ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കു വേണ്ടിയുള്ളതാണ്. 2009-10 വര്‍ഷത്തേക്ക് എന്‍ആര്‍ഇജിഎസ് പദ്ധതിക്ക് 39,100 കോടി രൂപ നീക്കിവെച്ചിരിക്കുന്നുവെന്ന് ധനകാര്യമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. 2008-09 വര്‍ഷത്തിലെ ബജറ്റ് മതിപ്പ് കണക്കിനേക്കാള്‍ 144 ശതമാനം അധികമാണ് ഇതെന്ന് തോന്നാം. എന്നാല്‍ യഥാര്‍ത്ഥത്തിലുള്ള സ്ഥിതി മൂടിവെയ്ക്കുന്നതിനുള്ള സമര്‍ത്ഥമായ ഒരു വേലയാണ് ധനകാര്യമന്ത്രി ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. എന്‍ആര്‍ഇജിഎസ്സിനുവേണ്ടി മുന്‍വര്‍ഷങ്ങളില്‍ വകയിരുത്തിയ തുകകളുടെ കണക്ക് ഇവിടെ ആവശ്യമായി വരും.

2008-09 വര്‍ഷത്തേക്കുള്ള സമ്പൂര്‍ണ്ണ ബജറ്റില്‍ അന്നത്തെ ധനകാര്യമന്ത്രി പി ചിദംബരം എന്‍ആര്‍ഇജിഎസ്സിനു വേണ്ടി മാറ്റിവെച്ചത് 16000 കോടി രൂപയാണ്. ബജറ്റ് അവതരിപ്പിച്ചതിനുശേഷം, എന്‍ആര്‍ഇജിഎസ് പദ്ധതി രാജ്യത്തെ 596 ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിന് ഗവണ്‍മെന്റ് തീരുമാനിച്ചു. ആവശ്യക്കാരുടെ എണ്ണം അനുസരിച്ചുള്ള ഒരു പദ്ധതിയായതിനാല്‍ ആ വര്‍ഷത്തെ പുതുക്കിയ കണക്കനുസരിച്ച് ചെലവ് 36,750 കോടി രൂപയായിരുന്നു. 2009-10 വര്‍ഷത്തില്‍ ബജറ്റിലെ വകയിരുത്തല്‍ 39100 കോടി രൂപയാണ്. 2008-09 വര്‍ഷം ചെലവാക്കിയ തുകയെ അപേക്ഷിച്ച് അത് ഏതാണ്ട് 7 ശതമാനം മാത്രമേ അധികം വരികയുള്ളൂ. 2008-09ലെ കാലഹരണപ്പെട്ട ബജറ്റ് വകയിരുത്തലുമായി ഇങ്ങനെ താരതമ്യപ്പെടുത്തുന്നത്, ഇപ്പോഴത്തെ ബജറ്റില്‍ എന്തോ വലിയ കാര്യം ചെയ്യുന്നുവെന്ന് തോന്നിപ്പിക്കുന്നതിനാണ്. ഈ തന്ത്രത്തെ പല പണ്ഡിതന്മാരും വിമര്‍ശിച്ചിട്ടുണ്ട്.

"എന്‍ആര്‍ഇജിഎസ്സിനുകീഴില്‍ ദിവസത്തില്‍ 100 രൂപ എന്ന നിരക്കില്‍ യഥാര്‍ത്ഥ കൂലി നല്‍കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണ്'' എന്ന് ബജറ്റില്‍ പറഞ്ഞത് പലരും വലിയ കാര്യമായി പൊക്കിക്കാണിക്കുന്നുണ്ട്. എന്നാല്‍ എന്‍ആര്‍ഇജിഎസ്സിനുവേണ്ടി നീക്കിവെച്ചിട്ടുള്ള തുകയില്‍ വലിയ വര്‍ദ്ധന വരുത്തുന്നില്ലെങ്കില്‍, 2010ലും ഈ ബാധ്യത നിറവേറ്റപ്പെടാതെ പോകും എന്നതാണ് യാഥാര്‍ത്ഥ്യം.

ആവശ്യമായ വകയിരുത്തല്‍ നടത്താതെ ഉഗ്രന്‍ പ്രസ്താവനകള്‍ നടത്തുന്നത് ബജറ്റ് പ്രസംഗത്തിലെ മറ്റൊരു വേലയാണ്. ഉദാഹരണത്തിന് ബിപിഎല്‍ വിഭാഗത്തില്‍പെടുന്ന കുടുംബങ്ങള്‍ക്ക് മാസത്തില്‍ 25 കിലോ ധാന്യം (ഗോതമ്പോ അരിയോ) കിലോക്ക് 3 രൂപ വെച്ച് വിതരണം ചെയ്യുമെന്ന ഉഗ്രന്‍ പ്രഖ്യാപനം ബജറ്റിലുണ്ടെങ്കിലും, അതിനായി ഏറെക്കുറെ ഒരൊറ്റ പൈസയും വകയിരുത്തിയിട്ടില്ല. ഭക്ഷ്യസബ്സിഡിയ്ക്കുള്ള വകയിരുത്തല്‍ 2008-09 വര്‍ഷത്തെ 43,627 കോടി രൂപയില്‍നിന്ന് നാമമാത്രമായി വര്‍ദ്ധിപ്പിച്ച് 52,490 കോടി രൂപയാക്കിയിട്ടേയുള്ളൂ.

അതുപോലെത്തന്നെ, വളരെ പ്രധാനപ്പെട്ട ഒരിനമായ സമഗ്ര ശിശുക്ഷേമ വികസന സേവനങ്ങള്‍ക്കുള്ള വകയിരുത്തലില്‍ വലിയ വര്‍ദ്ധനയൊന്നും വരുത്തിയിട്ടില്ല. അസംഘടിത തൊഴിലാളികള്‍ക്കുവേണ്ടിയുള്ള സാമൂഹ്യസുരക്ഷാ പദ്ധതികള്‍ നടപ്പാക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. എന്നാല്‍ "ഇത്തരം പദ്ധതികള്‍ക്ക് ആവശ്യമായ വകയിരുത്തല്‍ നടത്തും'' എന്ന സമാശ്വാസകരമായ ഒരു പ്രസ്താവന മാത്രമേ ബജറ്റിലുള്ളൂ.

പുതിയ യുപിഎ ഗവണ്‍മെന്റിന്റെ ഒന്നാമത്തെ ബജറ്റ് ശ്രദ്ധേയമായിത്തീരുന്നത്, സാമൂഹ്യമേഖലകള്‍ക്കുള്ള ചെലവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ദൃഢമായ പ്രതിജ്ഞാബദ്ധത അത് കാണിക്കുന്നില്ല എന്നതിലാണ്. ഇത്തരം പദ്ധതികള്‍ക്കുവേണ്ടി മൊത്തത്തിലുള്ള വകയിരുത്തല്‍ തീരെ അപര്യാപ്തമാണ്. അതേ അവസരത്തില്‍ത്തന്നെ, പല സുപ്രധാന പദ്ധതികള്‍ക്കുവേണ്ടിയുള്ള വകയിരുത്തലും കുറയുകയുമാണ്. സാമൂഹ്യമേഖലയില്‍ ഇടക്കാല ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഈ പദ്ധതികളില്‍ പലതും അനിവാര്യമാണെന്ന് ധനകാര്യമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പ്രസ്താവിച്ചിട്ടുമുണ്ട്. എന്നാല്‍ അവയ്ക്കുവേണ്ടി വകയിരുത്തിയിട്ടുള്ള തുക പരിഗണിച്ചാല്‍, ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പ്രയാസമാണെന്ന് കാണാം.

3 comments:

  1. വായിക്കുന്നുണ്ട്. തുടരുക.

    ReplyDelete
  2. നന്ദി രാംകുമാര്‍ ഇത് ഇവിടെ ഇട്ടതിന്.

    ReplyDelete
  3. ഗ്രാമീണ-കാര്‍ഷികമേഖല, പൊതുവിദ്യാഭ്യാസം അടക്കമുള്ള നിര്‍ണ്ണായകമായ സാമൂഹിക അജണ്ടകള്‍ക്കൊന്നും കാര്യമായ പണം വകയിരുത്തിയിട്ടില്ലെങ്കിലും, സാമൂഹികക്ഷേമ ബഡ്‌ജറ്റ് എന്ന സര്‍ട്ടിഫിക്കറ്റ് തട്ടിയെടുക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു.

    പക്ഷേ ഇതിനെയൊക്കെ കവച്ചുനില്‍ക്കുന്ന ഒരു അഭ്യാസമായിരുന്നു ഇത്തവണത്തെ റിക്കാര്‍ഡ് ധനകമ്മി. നാലെ വരാന്‍ പോകുന്ന നല്ലകാലത്തിനുവേണ്ടി ഇത്തരം റിസ്ക്കുകളൊക്കെ എടുക്കേണ്ടിവരുമെന്ന അമിതലളിതവത്ക്കരണത്തിലാണ് ഒട്ടുമിക്ക സാമ്പത്തികവിദഗ്ദ്ധരും അഭയം കണ്ടെത്തിയിരിക്കുന്നത്. ഈ ബഡ്‌ജറ്റിന്റെ ഇച്ഛാശക്തിയുടെ ദാരിദ്ര്യം ഏറ്റവും വെളിപ്പെടുന്നതും അതിലാണ് എന്ന് അഭിപ്രായമുണ്ട്.

    കാര്യമാത്രപ്രസക്തമായ ലേഖനത്തിന് നന്ദി.
    അഭിവാദ്യങ്ങളോടെ

    ReplyDelete